മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുള്ള കലക്ടറുടെ വാര്‍ത്താ സമ്മേളനവും താത്കാലികമായി നിര്‍ത്തി വെച്ചു.
ട്രക്ക് ഡ്രൈവറില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പകരുന്നതിനിടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കമ്മന സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. മുന്‍കരുതലിന്റെ ഭാഗമായി കലക്ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അടച്ചു. രോഗബാധിതനായ പൊലീസുകാരന്റെ സെക്കന്‍റ് കോണ്ടാക്ട് പിആര്‍ഡി ഓഫീസില്‍ ജോലി ചെയ്ത ആളായിരുന്നതിനാലാണിത്.
കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറുടെ സഹായിയുടെ മകന്റെ സുഹൃത്തിലൂടെയാണ് മാനന്തവാടിയില്‍ മൂന്ന് പൊലീസുകാര്‍ രോഗബാധിതരായത്. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. മൂന്ന് തവണയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. മയക്കുമരുന്ന് കേസില്‍ പ്രതിയായ ഇയാള്‍ പൂളക്കലിലെ പെട്ടിക്കടയിലും പലതവണയെത്തിയിരുന്നു.
ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാലാണ് റൂട്ട്മാപ്പ് വൈകിയത്. ജില്ലയില്‍ നിന്ന് ഇന്നും കൂടുതല്‍ പൊലീസുകാരുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും.
ഇതിനിടെ രോഗം ബാധിച്ച പൊലീസുകാരന്‍ കോട്ടയത്തെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചതോടെ ബന്ധുവിനേയും പ്രാഥമിക നിരീക്ഷണ പട്ടികയില്‍പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയാണ് വയല സ്വദേശിയായ ബന്ധു. മുന്‍കരുതലിന്റെ ഭാഗമായി കല്‍പ്പറ്റ കലക്ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അടച്ചു. രോഗബാധിതനായ പൊലീസുകാരന്റെ ദ്വിതീയ സമ്പര്‍ക്കത്തിലുള്ളയാള്‍ പിആര്‍ഡി ഓഫീസില്‍ ജോലി ചെയ്തിരുന്നതിനാലാണിത്. മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുള്ള കലക്ടറുടെ വാര്‍ത്താ സമ്മേളനവും താത്കാലികമായി നിര്‍ത്തി വെച്ചു. കോവിഡ് അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ ഉണ്ടാവില്ല. മാനന്തവാടി നഗരസഭ, തിരുനെല്ലി, എടവക, വെള്ളമുണ്ട പഞ്ചായത്തുകളും പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.