ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള അശാസ്ത്രീയ മാര്‍ഗങ്ങള്‍ കോവിഡിനെതിരെ സ്വീകരിക്കുന്നതിനെ പരസ്യമായി എതിര്‍ത്തതുകൊണ്ടാണ് തന്നെ ട്രംപ് പുറത്താക്കിയതെന്നാണ് റിക്ക് ബ്രൈറ്റ് ആരോപിക്കുന്നത്…
കോവിഡിനെ തുടര്‍ന്നുള്ള അമേരിക്കയുടെ ദുരിതകാലം തീര്‍ന്നിട്ടില്ലെന്നും ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം മഞ്ഞുകാലമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും വാക്‌സിന്‍ വിദഗ്ധനായ റിക്ക് ബ്രൈറ്റ്. അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെയാണ് റിക്ക് ബ്രൈറ്റിന്റെ മുന്നറിയിപ്പ്. വൈക്‌സിന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തു നിന്നും കഴിഞ്ഞ മാസമാണ് റിക്ക് ബ്രൈറ്റിനെ പുറത്താക്കിയത്.
കോവിഡ് പ്രതിസന്ധി ട്രംപ് കൈകാര്യം ചെയ്ത രീതിയെ പരസ്യമായി വിമര്‍ശിച്ചതാണ് തന്നെ പുറത്താക്കിയതെന്ന് റിക്ക് ബ്രൈറ്റ് തന്നെ ആരോപിക്കുന്നുണ്ട്. അതേസമയം ‘അസംതൃപ്തനായ’ ഉദ്യോഗസ്ഥനെന്നാണ് റിക്ക് ബ്രൈറ്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ പരസ്യമായി ബ്രൈറ്റിനെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ട്രംപ് സര്‍ക്കാര്‍ തുടക്കത്തില്‍ നടപടിയെടുക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് കോവിഡ് അമേരിക്കയില്‍ ഇത്ര രൂക്ഷമാക്കിയത് റിക്ക് ബ്രൈറ്റ് അമേരിക്കന്‍ കോണ്‍ഗ്രസ് ആരോഗ്യ ഉപസമിതി മുമ്പാകെ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തതെയെക്കുറിച്ച് ജനുവരി തുടക്കത്തില്‍ തന്നെ അധികാരപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും മറുപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെടാനുള്ള അവസാനത്തെ വഴിയും അമേരിക്കക്ക് മുന്നില്‍ അടയുകയാണ്. ഇനിയും നമ്മള്‍ കാര്യക്ഷമമായി പ്രതികരിച്ചില്ലെങ്കില്‍ ഈ മഹാമാരി കൂടുതല്‍ അപകടകാരിയാവുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു. പ്രത്യേകിച്ച് നടപടികളുണ്ടായില്ലെങ്കില്‍ ആധുനിക ചരിത്രത്തിലെ അമേരിക്കയുടെ ഏറ്റവും ഇരുണ്ട മഞ്ഞുകാലമാകും 2020ലേതെന്നും റിക്ക് ബ്രൈറ്റ് ഓര്‍മ്മിപ്പിച്ചു.
ബയോമെഡിക്കല്‍ അഡ്‌വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും തന്നെ നീക്കിയതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും റിക്ക് ബ്രൈറ്റ് വ്യക്തമാക്കി. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകള്‍ക്ക് പണം ചിലവാക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നു. ഇത് മേലധികാരികള്‍ കേള്‍ക്കാതെ വന്നതോടെ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇതോടെയാണ് തന്നെ പുറത്താക്കിയതെന്നാണ് റിക്ക് ആരോപിക്കുന്നത്.
ശക്തമായ ഭാഷയിലാണ് റിക്കിന്റെ ആരോപണങ്ങളോട് ട്രംപ് പ്രതികരിച്ചത്. ‘എനിക്കയാളെ അറിയില്ല, ഒരിക്കലും കണ്ടിട്ടില്ല, ഇനിയൊട്ട് കാണാനും ആഗ്രഹമില്ല’ എന്നായിരുന്നു റിക്കിന്റെ ആരോപണങ്ങള്‍ സൂചിപ്പിച്ച റിപ്പോര്‍ട്ടര്‍മാരോടുള്ള ട്രംപിന്റെ പ്രതികരണം. ‘പക്ഷേ ഞാനയാളെ ശ്രദ്ധിച്ചിട്ടുണ്ട്. ദേഷ്യത്തിലുള്ള അസംതൃപ്തനായ ഒരു ജീവനക്കാരനെപോലെയാണ് അയാള്‍ പെരുമാറുന്നതെന്നത്. ജോലി ശരിക്ക് ചെയ്തില്ലെന്നാണ് പലരും പറഞ്ഞത്’ എന്നൊക്കെയാണ് ട്രംപ് റിക്കിനെക്കുറിച്ച് പറഞ്ഞത്.