International

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു.

ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം നിയന്ത്രണം പാലിക്കാനാണ് ഇന്ത്യയ്ക്ക് ആവശ്യപ്പെടാനുളളത്. സംഘര്‍ഷങ്ങള്‍ വഷളാക്കുന്ന നടപടികളില്‍ നിന്ന് ഇരുകൂട്ടരും പിന്തിരിയണം. ഗാസയിലേക്ക് നടന്ന പ്രത്യാക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള മലയാളിയായ സൗമ്യയുടെ ജീവന്‍ നഷ്ടമായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

ഇന്ത്യന്‍ സൂഫി സന്യാസിയായിരുന്ന ബാബാ ഫരീദുമായി ചരിത്രബന്ധമുളള സ്ഥലങ്ങളും പുരാതനമായ ജറുസലേം നഗരത്തിലുണ്ടെന്ന് തിരുമൂര്‍ത്തി പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മനസില്‍ ജറുസലേമിന് പ്രത്യേക സ്ഥാനമുണ്ട്. ഓരോ വര്‍ഷവും നിരവധി പേരാണ് ഇന്ത്യയില്‍ നിന്ന് ഇവിടം സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.