Kerala

കോവിഡ് 19; പത്തനംതിട്ടയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍

23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്

കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍. 23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഇറ്റലിയില്‍ നിന്ന് വന്നയാളുടെ ഫലം നെഗറ്റീവാണ്. കല്‍ബുര്‍ഗിയില്‍ നിന്ന് ഇന്ന് എത്തുന്ന വിദ്യാര്‍ഥികളെ പരിശോധിക്കും. ഇന്ന് ഒരു ഡോക്ടറുള്‍പ്പെടെ രണ്ട് പേരെ ഐസൊലേഷന്‍ വാര്‍‌ഡില്‍ പ്രവേശിപ്പിച്ചെന്നും കലക്ടര്‍ അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തി രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസോലേഷനിൽ കഴിയുന്ന പന്തളം സ്വദേശിയെ കൂടാതെ ഇറ്റലിയിൽ നിന്ന് വന്ന രണ്ടുപേരും കുവൈത്തില്‍ നിന്നുള്ള മൂന്നു പേരും സൗദിയിൽ നിന്ന് നാട്ടിലെത്തിയ രണ്ടുപേരും ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരടക്കം 21 പേരാണ് പത്തനംതിട്ടയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധക്ക് സമാന രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച പന്തളം സ്വദേശിയുടെ പരിശോധന ഫലം ഉടൻ ലഭിക്കും.വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 788പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 1254 ആളുകൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.