Cricket Sports

‘കൊറോണയെ കൂട്ടായി സമര്‍ഥമായി നേരിടൂ’ ആരാധകരോട് രോഹിത്ത് ശര്‍മ്മ

കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം തേടണമെന്നും രോഹിത്ത്…

ലോകമാകെ കൊറോണ വൈറസ് ഭീതി പരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുമ്പോള്‍ ആരാധകര്‍ക്ക് സന്ദേശവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് രോഹിത്ത് സന്ദേശം പങ്കുവെച്ചത്. വിദഗ്ധരുടെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് കൂട്ടത്തോടെ സമര്‍ഥമായി മാത്രമേ നമുക്ക് കൊറോണയെ തോല്‍പിക്കാനാവൂ എന്നാണ് രോഹിത്ത് പറഞ്ഞത്.

കൊറോണ രാജ്യത്ത് ഭീതി പരത്തിക്കൊണ്ടിരിക്കെയാണ് ഹിറ്റ്മാന്‍ ആരാധകര്‍ക്ക് കരുതിയിരിക്കാനുള്ള സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമാകെ സ്തംഭിച്ചു പോയ കാഴ്ച്ചയാണ് കാണാനാവുന്നത്. ഇത് വളരെ വിഷമകരമാണ്. ഒന്നിച്ച് പോരാടി മാത്രമേ സാധാരണ നിലയിലേക്ക് നമുക്ക് തിരിച്ചുവരാനാകൂ. അല്‍പം ബുദ്ധിയുപയോഗിച്ചും സമര്‍ഥമായും മാത്രമേ നമുക്ക് ഫലപ്രദമായി കൊറോണയെ തോല്‍പിക്കാനാകൂ’ എന്ന് പറഞ്ഞ രോഹിത്ത് കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം തേടണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

കോവിഡ് 19ബാധ വ്യാപകമാകാതിരിക്കാന്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും സിനിമാ തിയേറ്ററുകളും മറ്റും അടച്ചിടുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും അടക്കമുള്ള നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നുള്ള ഈ നടപടികളോടും മുന്നറിയിപ്പുകളോടും പൂര്‍ണ്ണമായും സഹകരിക്കണമെന്നും ആരാധകരോട് രോഹിത്ത് ഓര്‍മ്മിപ്പിക്കുന്നു.

കൊറോണ ബാധിതരായവരെ അടക്കം ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിച്ച രോഹിത്ത് കോവിഡ് 19 ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുകൊള്ളുന്നുവെന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും കോവിഡ് 19 ബാധയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഐ.പി.എല്ലാകട്ടെ ഏപ്രില്‍ 15 നീട്ടിവെച്ചിരിക്കുകയാണ്.