Kerala

‘ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻ

ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ നികുതിക്കൊള്ള നടത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസത്രീയ നികുതി വർധനവാണ് നടപ്പാക്കിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ലിറ്ററിന് രണ്ട് രൂപ വീതം കൂട്ടി സെസ് പിരിക്കുകയാണ്. സർക്കാരിന്‍റെ പകൽക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും വി.ഡി സതീശൻ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയായിരുന്നു നികുതി വര്‍ധനവ്. എന്നാല്‍ ഇത്തവണ അത് 3000 കോടി രൂപയായി. സര്‍ക്കാരിന് കൈകടത്താന്‍ സാധിക്കുന്ന മേഖലകളിലെല്ലാം നികുതി വര്‍ധിപ്പിച്ചു. 247 ശതമാനമാണ് സംസ്ഥാനത്ത് നിലവില്‍ മദ്യത്തിന് നികുതി. ഇത് വീണ്ടും വര്‍ധിക്കുന്നതോടെ ആളുകള്‍ മയക്കുമരുന്നിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾക്ക് യാതൊരു പ്രസക്തിയില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ അതേപോലെ നിൽക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിൽ ഒരു രൂപ പോലും ചെവഴിക്കാത്ത പ്രഖ്യാപനം ഇത്തവണ വീണ്ടും ആവർത്തിച്ചു. രാജ്യത്ത് ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.