പൗരത്വ നിയമ ഭേദഗതിക്കെതിരായ മലേഷ്യൻ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെ ഇന്ത്യ മലേഷ്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. ഖനി മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.
പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിനെതിരെ മലേഷ്യയുടെ പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് വാണിജ്യ രംഗത്ത് മലേഷ്യക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ആരോപണം. നേരത്തെ പാം ഓയിലിന്റെ ഇറക്കുമതിക്കാണ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെയും ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിന്റെ ഗുണമെന്താണെന്നും കഴിഞ്ഞ 70 വർഷമായി ഇന്ത്യയിലെ ജനങ്ങൾ സന്തോഷതോടെ ജീവിക്കുകയായിരുന്നുവെന്നും മലേഷ്യൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പ്രതികരിച്ചിരുന്നു.
മതേതര രാജ്യമായ ഇന്ത്യ മുസ്ലിംകൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞതിനെ തുടർന്നാണ് മലേഷ്യക്കെതിരെ കടുത്ത നടപടികളുമായാണ് ഇന്ത്യ രംഗത്തെത്തിയതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന മലേഷ്യക്ക് ആശങ്ക ഉണ്ടെങ്കിലും തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും സാമ്പത്തിക നേട്ടം മാത്രം നോക്കി നില്‍ക്കാനാകില്ലെന്നും മഹാതിർ മുഹമ്മദിന്റെ പ്രതികരിച്ചിരുന്നു. ഇതോടു കൂടിയാണ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വിലക്കുന്ന നടപടിയിലേക്ക് ഇന്ത്യ കടന്നത്. ഇതിനു പുറമെ ഖനി മേഖലയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.