Association India Pravasi Switzerland

പദ്‌മശ്രീ പുരസ്‌കാര ജേതാവ് ശ്രീമതി മൂഴിക്കൽ പങ്കജാക്ഷിയമ്മക്ക് ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിന്റെ അനുമോദനവും ,ആദരവും …

കോട്ടയം : അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയായ മൂഴിക്കല്‍ പങ്കജാക്ഷിയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്‌ട്രപതിയുടെ പരമോന്നത ബഹുമതിയായ പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹരായ രണ്ടു മലയാളികളിൽ ഒരാൾ .

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ സ്വിട്സർലാന്റിലെ സോഷ്യൽ മീഡിയ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ പ്രവർത്തകരും സുഹൃത്തുക്കളും വസതിയിലെത്തി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു .

പുരസ്‌കാര ജേതാവിന്റെ വസതിയിലെത്തി ഹെലോ ഫ്രണ്ട്‌സിന്റെ അനുമോദനങ്ങളും ആദരവുകളു മർപ്പിക്കുവാൻ ശ്രീ ടോമി തൊണ്ടാംകുഴിയോടൊപ്പം ,ശ്രീ ജോർജ് പുത്തൻകുളം ,ശ്രീ ജെയിംസ് മേൽവട്ടം ,കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി സി കുര്യൻ ,മരങ്ങാട്ടുപള്ളി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു എന്നിവരുമുണ്ടായിരുന്നു .

കോട്ടയം സ്വദേശിനിയായ പങ്കജാക്ഷിയമ്മ എട്ടാംവയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച്‌ ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും സാമൂഹ്യ ജീവിതത്തില്‍ നിന്നുമൊക്കെ തിരഞ്ഞെടുത്ത ഏടുകളാണ് കഥയാകുന്നത്.

പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന പങ്കജാക്ഷിയമ്മ അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നൽകിയിരിക്കുന്നത്. മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിര്‍ത്തിയ തണ്ട് എന്ന് വിളിയ്ക്കുന്ന നീളമുള്ള വടിയില്‍ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി.

മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും സാമൂഹ്യ ജീവിതത്തില്‍ നിന്നുമൊക്കെ തിരഞ്ഞെടുത്ത ഏടുകളാണ് കഥയാകുന്നത്.ആയുര്‍വ്വേദവും വൈദ്യവുമെല്ലാം വശമായിരുന്നു പങ്കജാക്ഷിക്ക്. ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും പങ്കജാക്ഷിയെ തേടി എത്തിയിട്ടുണ്ട്. ഫ്രാന്‍സ് പോലെയുള്ള വിദേശരാജ്യങ്ങളില്‍ നോക്കുവിദ്യ ചെയ്ത് വിദേശികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും നാടന്‍ കലകളില്‍ തല്‍പ്പരരായ പലരും നോക്കുവിദ്യ കാണാന്‍ വരാറുണ്ട്.

മച്ചിങ്ങ ഈര്‍ക്കിലില്‍ കുത്തി നിര്‍ത്തി മുഖത്തു വച്ചായിരുന്നു പങ്കജാക്ഷിയമ്മയുടെ ബാല്യകാലത്തെ പരിശീലനം.മുഖം മുറിഞ്ഞ് വേദനയെടുക്കും. വീണ്ടും അവിടെത്തന്നെ വച്ച്‌ കഠിനമായ പരിശീലനം. പാലത്തടിയില്‍ നിര്‍മ്മിച്ച ഈ പാവകളുടെ ശില്‍പ്പി പങ്കജാക്ഷിയമ്മയുടെ ഭര്‍ത്താവ് ശിവരാമപ്പണിക്കര്‍ ആയിരുന്നു. പാലത്തടിയ്ക്ക് കനം കുറവാണ് എന്നതാണ് പാവനിര്‍മ്മാണത്തിന് ഉപയോഗിയ്ക്കാന്‍ കാരണം. വേലപ്പണിക്കര്‍ എന്ന വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ.

പണ്ടുകാലത്ത് ഓണത്തിന് വലിയ തറവാടുകളില്‍ പാവകളിയുമായി പോകുമായിരുന്നു എന്ന് പങ്കജാക്ഷിയമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. തന്റെ അച്ഛനും അമ്മയും വല്യച്ഛനുമെല്ലാം കളിക്കാരായിരുന്നുവെന്നും പതിനൊന്നു വയസ്സു മുതല്‍ തന്നെയും പഠിപ്പിച്ച്‌ തുടങ്ങിയെന്നും പറയുന്നു. വിവാഹം കഴിച്ചു വന്നുകയറിയ കുടുംബവും കലയോട് ഇതേ മനോഭാവമുള്ളവരായിരുന്നത് കൊണ്ട് പങ്കജാക്ഷിയമ്മയ്ക്ക് തന്റെ കലാജീവിതം അവിടെയും തുടരാന്‍ കഴിഞ്ഞു. ഭര്‍ത്താവ് തന്നെ എഴുതി ഈണം നല്‍കിയ പാട്ടുകളാണ് പങ്കജാക്ഷിയമ്മ ഓര്‍മ്മകളില്‍ ഇപ്പോഴും മൂളുന്നത്..

ഏഴുവർഷം മുൻപുവരെ പാവകളികലാരംഗത്ത് സജീവമായിരുന്ന പങ്കജാക്ഷിയമ്മ ആരോഗ്യപരമായ പ്രേശ്നങ്ങളാൽ അരങ്ങിനോട് വിടപറഞ്ഞു.അതിന് മുൻപുതന്നെ തന്നെ തന്റെ കലാപാരമ്പര്യത്തിന്റെ തുടർച്ചയായി കൊച്ചുമകളായ രഞ്ജിനിക്ക് പാവകളി പഠിപ്പിയ്ക്കാന് തുടങ്ങിയിരുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം വസതിയിൽ ചിലവഴിച്ച സന്ദർശകർക്ക് ചായസൽക്കരവും നൽകി കൂടാതെ കൊച്ചുമകൾ രഞ്‌ജിനി ഈ കലാരൂപം കാട്ടിത്തരുകയും ചെയ്‌തു ..സാധരണക്കാര്‍ക്കും പത്മശ്രീ അവാര്‍ഡുകള്‍ കിട്ടുന്നതില്‍ സന്തോഷമറിയിക്കുകയും ,ഇനിയും അവസരങ്ങളും അംഗീകാരങ്ങളും തേടിയെത്തട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തുകൊണ്ട് ഒരു പുതിയ കലാരൂപത്തെക്കുറിച്ചു കൂടുതലായി അറിയുവാൻ സാധിച്ചതിലുള്ള സന്തോഷം പരസ്‌പരം പങ്കുവെച്ചു…

പാവകളും മൺമറയാത്ത നാടൻ കലാരൂപങ്ങളും – Interview with Padma Shri Moozhikkal Pankajakshi