World

കടുത്ത സാമ്പത്തിക ഉപരോധം: റൂബിളിന്റെ മൂല്യം 41 ശതമാനം താഴ്ന്നു

അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഡോളറിന് നേരെ റൂബിളിന്റെ മൂല്യം 41 ശതമാനം താഴ്ന്നു. ഇന്നലെ പകല്‍ ഡോളറിന് 119 എന്ന നിലയിലേക്ക് റൂബിളിന്റെ മൂല്യം താഴ്ന്നിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് ക്രയവിക്രയത്തിന് വിലക്കുണ്ടെന്ന് റഷ്യയുടെ കേന്ദ്രബാങ്ക് രാജ്യത്തെ ബ്രോക്കര്‍മാരെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ദ്രവ്യത ഉറപ്പുവരുത്താനായി ബാങ്കുകളിലുള്ള 733 ബില്യണ്‍ റൂബിള്‍ മരവിപ്പിക്കാനും റഷ്യയുടെ കേന്ദ്രബാങ്ക് തീരുമാനമെടുത്തതായാണ് വിവരം.

സാമ്പത്തിക രംഗത്തെ തിരിച്ചടികള്‍ നേരിടാനായി റഷ്യയുടെ ബാങ്കുകളുടെ പലിശ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കടുത്ത ഉപരോധമാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും വിവിധ വ്യവസായങ്ങള്‍ക്കും ഉപരോധം ബാധകമാണെന്നും ജോബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ജപ്പാനും തീരുമാനമെടുത്തിട്ടുണ്ട്.