World

‘പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’; ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക

ഇസ്രയേലിനോട്‌ സ്വരം കടുപ്പിച്ച്‌ അമേരിക്ക.ഗസ്സയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പ്‌ വരുത്തണമെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതേസമയം വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാർ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും വെടിനിർത്തൽ കൂടുതൽദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ടെൽഅവീവിലെത്തിയിരുന്നു. യുദ്ധമാരംഭിച്ചശേഷം പ്രശ്നപരിഹാരസാധ്യതതേടി മൂന്നാംതവണയാണ് അദ്ദേഹം പശ്ചിമേഷ്യയിലെത്തുന്നത്.

ഇതിനിടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതിൽ 10 പേർ ഇസ്രയേൽപൗരരും നാലുപേർ തായ്‌ലാൻഡിൽനിന്നും രണ്ടുപേർ റഷ്യയിൽനിന്നുമുള്ളവരുമാണ്. പിന്നാലെ 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽ വന്നതുമുതൽ ഇസ്രയേൽ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതിൽ 70 പേർ ഇസ്രയേൽ പൗരരാണ്.