തടവിൽ കഴിയുന്ന മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ കൈമാറണമെന്ന് അമേരിക്ക. യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസുകളിൽ വിചാരണ നേരിടാൻ വിട്ടുനൽകണമെന്നാണ് ആവശ്യം. രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ അടുത്തിടെയാണ് മെക്സിക്കൻ സുരക്ഷാ സേന ഗുസ്മാനെ അറസ്റ്റ് ചെയ്തത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്സിക്കോ സന്ദർശനത്തിനു തൊട്ടുമുൻപാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. പിതാവിന്റെ പാതയിൽ ലഹരി സംഘത്തെ നയിച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ സിനലോവ സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനിൽ 19 മയക്കുമരുന്ന് സംഘാംഗങ്ങളും 10 സൈനികരും കൊല്ലപ്പെട്ടു എന്നാണ് വിവരം.
യുഎസിലേക്ക് ലഹരി കള്ളക്കടത്ത് നടത്തിയ കേസിൽ ഇയാളെ അമേരിക്ക തെരയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘങ്ങളിലൊന്നായ എൽ ചാപ്പോയുടെ സിനലോവ കാർട്ടലിന്റെ ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് ‘ദ മൗസ്’ എന്നറിയപ്പെടുന്ന ഒവിഡിയോ ആണെന്ന് കരുതുന്നു. മാസം 1,300 മുതൽ 2,200 കിലോഗ്രാം വരെ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന 11 മെത്താംഫെറ്റമൈൻ ലാബുകൾ ഇയാളും സഹോദരൻ വാകീനും ചേർന്ന് നടത്തുന്നുണ്ടെന്ന് യുഎസ് സേറ്റ്റ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.