നാട് ചുട്ടുപൊള്ളുമ്പോള്‍ യു.എ.ഇയില്‍ വ്യാപക മഴ. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. പലയിടത്തും ആലിപ്പഴ വര്‍ഷവുമുണ്ടായി. നാളെയും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടല്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് യു.എ.ഇയില്‍ വ്യാപകമായി മഴ ലഭിച്ചത്. കഴിഞ്ഞ നാലുദിവസമായി രാജ്യത്തെമ്പാടും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മിനിഞ്ഞാന്ന് വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചിരുന്നു.
ഇന്ന് രാവിലെ അബൂദബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. വൈകുന്നേരമായതോടെ മുഴുവന്‍ എമിറേറ്റുകളിലും ഇടിമുഴക്കത്തോടെ മഴ കനത്തു. ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലും രാത്രിയോടെ മഴ ശക്തമായി. ഇതോടെ അന്തരീക്ഷോഷ്മാവ് താഴ്ന്നു.
രാവിലെ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുമെങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു. യു.എ.ഇയെ സംബന്ധിച്ചിടത്തോളം വേനല്‍ ചൂടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ആശ്വാസ മഴ കൂടിയാണിത്.