World

പഴയ മുഖച്ഛായ പാടെമാറ്റി സര്‍ജറികള്‍ ചെയ്ത് കൊറിയക്കാരനായി; എങ്കിലും മയക്കുമരുന്ന് വ്യാപാരിയെ പൊക്കി പൊലീസ്

നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയനായി മുഖച്ഛായ മാറ്റിയെങ്കിലും തായ്‌ലന്‍ഡ് സ്വദേശിയായ മയക്കുമരുന്ന് ഡീലറെ തിരിച്ചറിഞ്ഞ് പിടികൂടി പൊലീസ്. കൊറിയക്കാരനെപ്പോലെ മുഖച്ഛായ മാറ്റി പുതിയ ഐഡന്റിറ്റി സ്വീകരിച്ച് പഴയ കുറ്റകൃത്യം തുടരുന്നതിനിടെയാണ് ഇയാളെ പൊലീസ് പൊക്കിയത്. വലിയ തോതില്‍ എംഡിഎംഎ ഇറക്കുമതി ചെയ്തതിനും വിതരണം ചെയ്തതിനുമാണ് 25 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തായ്‌ലന്‍ഡില്‍ കുറ്റകൃത്യങ്ങള്‍ പതിവാക്കിയ ശേഷം പൊലീസിന്റെ വലയില്‍ കുടുങ്ങുമെന്നായപ്പോഴാണ് സഹരത് സവാങ്‌ജെങ് എന്ന യുവാവ് മുഖച്ഛായ മാറ്റിയത്. നിരവധി വിപുലമായ പ്ലാസ്റ്റിക് സര്‍ജറിക്ക് തന്റെ മുഖവും ശരീരവും വിധേയമാക്കി പഴയ മുഖച്ഛായയുടെ എല്ലാ അംശങ്ങളും നീക്കി. തനി കൊറിയക്കാരനായി സിയോങ് ജിമിന്‍ എന്നൊരു പേരും സ്വീകരിച്ച് കൊറിയയില്‍ യുവാവ് തന്റെ പഴയ കുറ്റകൃത്യങ്ങള്‍ തന്നെ തുടര്‍ന്നു.

കിലോക്കണക്കിന് മയക്കുമരുന്ന് കൈവശം വച്ചതിന് പലപ്പോഴും ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഇയാള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടിട്ടുണ്ട്. തായ്‌ലന്‍ഡ് മടുത്ത് തുടങ്ങിയപ്പോഴാണ് പുതിയ ഐഡന്റിറ്റി സ്വീകരിച്ചതെന്ന് ഇയാള്‍ പറയുന്നു. സാഹചര്യ തെളിവുകളും മറ്റും പരിശോധിച്ചും മയക്കുമരുന്ന് വ്യാപാര ശ്രംഖലകള്‍ ട്രാക്ക് ചെയ്തുമാണ് സവാങ്‌ജെങ് തന്നെയാണ് സിയോങ് ജിമിന്‍ എന്ന് പൊലീസ് മനസിലാക്കിയത്. ഇത് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. ഡാര്‍ക്ക് വെബില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുകയും പിന്നീട് ബാങ്കോക്കിലും പരിസരത്തുമുള്ള ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.