ഇസ്രയേൽ-പലസ്തീൻ സംഘർഷം രണ്ടാം ആഴ്ചയും തുടരുന്നു. ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1500ലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 61 കുട്ടികളടക്കം 212 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണങ്ങൾ പലസ്തീനിയൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മരിച്ചവരിൽ കൂടുതലും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.
തിങ്കളാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടർന്നു. മൂന്ന് പലസ്തീൻ പൗരന്മാരാണ് ഇന്നലെ കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യുഎൻ രക്ഷാ സമിതിയിൽ യുഎസ് അംബാസഡർ പറഞ്ഞു.
സംഘർഷത്തിന് തീവ്രത കൂടിയതോടെ ഗാസ ഇസ്രയേലിന് നേരെ പ്രയോഗിച്ചത് ഇതുവരെ 3000 റോക്കറ്റുകളാണ്. ഒരു മലയാളിയും രണ്ട് കുട്ടികളുമടക്കം ഇസ്രയേലിൽ മരിച്ചത് 10 പേരാണ്.