ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു.
രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ നടക്കുന്നതിനാൽ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.