World

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്.

സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി.

193 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.