തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ശ്രീലങ്കന്‍ ജയിലില്‍ എട്ട് ജയില്‍പ്പുള്ളികള്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ആസ്ഥാനമായ കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ആണ് സംഭവം നടന്നത്. സംഭവത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പൊലീസുകാര്‍ ആണ്. കോവിഡ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ജയിലിലെ റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് ജയില്‍ അധികൃതരുടെ പക്ഷം. ശ്രീലങ്കന്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ തടവുകളില്‍ നിന്നായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
മഹാര ജയിലിൽ മാത്രം ഇതിനോടകം 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കലാപത്തിന് കാരണമെന്ന് പറയപ്പെടുന്നു. കലാപകാരികൾ ജയിലിനുള്ളിലെ അടുക്കളയും റെക്കോർഡ് മുറിയും അഗ്നിക്കിരയാക്കിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. ജയിലില്‍ നിന്ന് തീയും പുകയും ഉയരുന്നതായി സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.