സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ വേതന പാർട് ടൈം ജോലി അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിൻറെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.
മാർച്ച് 19 വരെ തൊഴിലുടമകൾക്കും തൊഴിൽ രംഗത്തെ വിദഗ്ദർക്കും അഭിപ്രായം രേഖപ്പെടുത്താൻ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക, വിദേശി ജോലിക്കാരെ അവലംബിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
അതേസമയം, അപൂർവം ജോലികളിൽ നിബന്ധനകൾക്ക് വിധേയമായി തൊഴിൽ മന്ത്രിയുടെ അംഗീരത്തിന് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിൽ കൂടാതെ മണിക്കൂർ വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ആഴ്ചയിൽ വേതനം കണക്കുകൂട്ടി നൽകിയിരിക്കണം. ആഴ്ചയിൽ പരമാവധി 24 മണിക്കൂറാണ് ജോലി ചെയ്യാനാവുക.
തൊഴിൽ കരാറിൽ ഒരു വർഷം പിന്നിട്ട സ്വദേശിക്ക് പുതിയ വ്യവസ്ഥയിലേക്ക് മാറാവുന്നതാണ്. നിതാഖത്തിൽ പകുതി പോയന്റാണ് ഇത്തരക്കാർക്ക് കണക്കാക്കുക. ഇതിന് മാസത്തിൽ ചുരുങ്ങിയത് 80 മണിക്കൂർ ജോലി ചെയ്തിരിക്കണം. തൊഴിൽ മേഖല സ്വദേശികൾക്ക് കൂടുതൽ അനുയോജ്യമാക്കിത്തീർക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.