ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. പത്ത് ദിവസമായിരിക്കും ഒമാനിൽ തങ്ങാൻ അനുമതിയുണ്ടാവുക. വിസാ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പിലാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആന്റ് റെസിഡൻസ് വിഭാഗം കേണൽ അൽ സുലൈമാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പത്ത് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഈടാക്കുകയും ചെയ്യും. ആരോഗ്യ ഇൻഷൂറൻസ്, സ്ഥിരീകരിച്ച ഹോട്ടൽ താമസ രേഖ, റിട്ടേൺ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. വിദേശ തൊഴിലാളികൾ രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി കഴിഞ്ഞ വിസ ഓണ്‍ലൈനിൽ പുതുക്കാമെന്നും റോയൽ ഒമാൻ പൊലീസ് കേണൽ സുലൈമാനി അറിയിച്ചു.