International World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍; കോവിഡ് വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന..

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.

റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും സ്പെയിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യം റഷ്യയാണ്. 2,32,000ത്തിലധികം രോഗികളാണ് നിലവില്‍ റഷ്യയിരുള്ളത്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ലോക്ക്ഡൌണില്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് വ്ലാഡിമർ പുഡിന്‍. മോസ്കോയിൽ എല്ലാ വ്യവസായ, നിർമാണ ശാലകളും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 14,08000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1500-ലധികം പേരാണ് രാജ്യത്ത് മരിച്ചത്. 22,000-ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗമുക്തി നേടുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

റഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് ബ്രസീലിലാണ്. ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 750-തിലധികം ആളുകൾ മരിക്കുകയും 8000-ത്തിലധികം പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 43,36000 കടന്നു. രോഗവിമുക്തി നേടിയവരുടെ എണ്ണം 16 ലക്ഷത്തിലേക്കും അടുക്കുന്നു.

അതേസമയം കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ തെദ്രോസ് അധാനം. നിലവിൽ നൂറിലധികം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ചില വാക്സിനുകൾ മികച്ചം ഫലം തരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.