Education Kerala

എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എംജി സര്‍വ്വകലാശാല പരീക്ഷകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. പൊതുഗതാഗതം ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും എംജി വിസി മീഡിയവണിനോട് പറഞ്ഞു.

കോവിഡ് പടരുന്ന സാഹചര്യത്തിലാണ് എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചത്. ലോക്ക് ഡൌണില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷ ഉറപ്പ് വരുത്തി പരീക്ഷ നടത്താനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.

സപ്ലിമെന്‍ററി പരീക്ഷകളും ബിരുദ ബിരുദാനന്തര പരീക്ഷകളുമടക്കം മുടങ്ങിയ പരീക്ഷകളെല്ലാം നടത്താനാണ് തീരുമാനം. മൂല്യനിര്‍ണയവും സുരക്ഷ ഉറപ്പ് വരുത്തിയാണ് നടത്തുന്നത്. എട്ടാം തിയതി മുതല്‍ ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ ഹോം വാല്യുവേഷൻ രീതിയിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.