International World

ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെ സഹായിക്കും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേശകനും കോവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍. അതേസമയം, പേഴ്സണല്‍ അസിസ്റ്റന്‍റ് ആഴ്ചകളോളമായി ഇവാന്‍കയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

വൈറ്റ് ഹൗസ്‌ ജീവനക്കാരില്‍ വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്‌ പ്രസ് സെക്രട്ടറി കെയ്‌ലെ മക്നാനി പറഞ്ഞു. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ വൈറസ് പടര്‍ന്നുപിടിക്കുകയാണെന്ന ആശങ്കകള്‍ക്കിടെയാണ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവന. ഇതിനിടെ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്‌നറും മറ്റൊരു മുതിര്‍ന്ന ഉപദേശകനും കോവിഡ് പരിശോധനക്ക് വിധേയരായിരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ ശക്തമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം പ്രസിഡന്റിന്റെ അനുചരന്മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയിലെ ലോക്ഡൗണ്‍ അധികകാലം തുടരാനാവില്ലെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുമ്പോഴാണ് വൈറ്റ് ഹൗസ് തന്നെ കോവിഡ് ഭീതിയിലാവുന്നത്. രോഗം സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്. ട്രംപ് അടക്കം വൈറ്റ്ഹൗസിലെ എല്ലാ ഉന്നതര്‍ക്കും എല്ലാ ദിവസവും കോവിഡ് പരിശോധനകളും നടക്കുന്നുണ്ട്.