Kerala Pravasi

നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി

2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബത്തിനാണ് ക്വാറന്‍റൈന്‍ സൌകര്യം ലഭിക്കാതിരുന്നത്

ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ കുടുംബത്തിന് ക്വാറന്‍റൈന്‍ സൗകര്യം ലഭിച്ചില്ലെന്ന് പരാതി. അധികൃതർ പറഞ്ഞ ക്വാറന്‍റൈൻ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്നു കുടുംബം ആരോപിക്കുന്നു. സാങ്കേതിക തടസ്സമായിരുന്നെന്നും പെട്ടെന്നു തന്നെ സൗകര്യം ഒരുക്കിയെന്നുമാണ് ക്വാറന്‍റൈൻ സെന്‍റർ വളണ്ടിയറുടെ വിശദീകരണം.

ബംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെയാണ് 2 കുട്ടികളുൾപ്പെടെയുള്ള 4 അംഗ കുടുംബം യാത്ര തിരിച്ചത്. യാത്രക്ക് മുമ്പ്‌ തന്നെ സ്വദേശമായ പത്തനംതിട്ട ചെന്നീർക്കര പഞ്ചായത് അധികൃതരെ വിവരമറിയിച്ചിരുന്നു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അങ്ങോട്ട് പോയാൽ മതിയെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചതായി കുടുംബം പറയുന്നു.

എന്നാൽ രാത്രി 10 മണിയോടെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലെത്തിയപ്പോൾ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു നിരീക്ഷണ കേന്ദ്രത്തിലെ വളണ്ടിയര്‍ പറഞ്ഞതെന്നാണ് കുടുംബത്തിന്‍റെ പരാതി.

ഇവർ എത്തുന്നത് സംബന്ധിച്ചു അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും കുട്ടികളുൾപ്പെടെയുള്ള കുടുംബമായതിനാൽ മുൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട്‌ പെട്ടെന്ന് തന്നെ താമസിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയെന്നുമാണ് ക്വാറന്‍റൈൻ സെന്‍റര്‍ വളണ്ടിയറുടെ വിശദീകരണം. അനിശ്ചിതത്തിനൊടുവിൽ 11 മണിയോടെ കുടുംബത്തെ ലോഡ്ജിൽ നിരിക്ഷണത്തിലാക്കി.