World

നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ

മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട് ഇങ്ങനെ!

സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഏറ്റവും കൂടുതല്‍ പണികിട്ടിയത് അച്ചടി മാധ്യമങ്ങള്‍ക്കാണ്. ദിനേനയെന്നാണം നിരവധി പത്രങ്ങളാണ് അവരുടെ അച്ചടി പ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് പത്രവും അതിന്റെ അവസാനതലക്കെട്ടും.

വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവര‌വോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. മെട്രോകളില്‍ സൗജന്യമായി നല്‍കുന്ന പത്രം നോക്കാന്‍ പോലും ആളുകള്‍ തയ്യാറാകുന്നില്ലെന്നും എല്ലാവരും മൊബൈലിനകത്താണെന്നും പറഞ്ഞാണ് വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് അതിന്റെ അവസാന ലക്കം അച്ചടിച്ചിറക്കിയത്. ‘ഇനി നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ’ എന്ന് നല്‍കിയ തലക്കെട്ട് പത്രം ഇന്ന് നേരിടുന്ന പ്രതിസന്ധി വായനക്കാരോട് ദേഷ്യത്തോടെ സംവദിക്കുന്നതായിരുന്നു. 16 വര്‍ഷമായി നിലനിന്നിരുന്ന പത്രമാണ് ഈ ഒരു തലക്കെട്ടോടെ വ്യാഴാഴ്ച അച്ചടി അവസാനിപ്പിച്ചത്. യാത്രക്കിടയില്‍ പെട്ടെന്ന് വായിക്കാന്‍ പറ്റുന്നതും മറ്റു മാധ്യമങ്ങളില്‍ വരാത്തതുമായി വാര്‍ത്തകളായിരുന്നു എക്‌സ്പ്രസിന്റെ ഉള്ളടക്കം. സൗജന്യമായിട്ടുപോലും ആവശ്യക്കാരില്ലാത്തത് നടത്തിപ്പുക്കാരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ട്രെയിനുകളില്‍ നല്‍കുന്ന ഹൈസ്പീഡ് വൈ ഫൈ സംവിധാനവും പത്രത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തുന്നു.