സിന്ധു നദീതട സംസ്കാര കാലത്തെ ജനത കന്നുകാലി മാംസം ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു എന്ന തെളിവുമായി പുതിയ പഠനം. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും സിന്ധുനദീതട സംസ്കാര പ്രദേശങ്ങളില്‍ നിന്നും ലഭിച്ച സെറാമിക്ക് പാത്രങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. “ജേർണൽ ഓഫ് ആർക്കിയോളജിക്കൾ സ്റ്റഡീസി”ല്‍ പുതിയ പഠനത്തെ സംബന്ധിച്ചുള്ള ലേഖനമുണ്ട്.
അക്കാലത്തെ മൺപാത്രങ്ങളെ വിശദമായി പരിശോധിച്ച് അതിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കണ്ടെത്തിയതിനു ശേഷമാണ് സിന്ധു നദിതട സംസ്കാരത്തിൽ ബീഫ് ഉപയോഗിച്ചതായി കണ്ടെത്തിയത്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.എച്ച്.ഡിയുടെ ഭാഗമായി അക്ഷയ്ത സൂര്യനാരായണൻ എന്ന സ്കോളർ ആണ് പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഹരിയാനയിലെ ഹരപ്പൻ സംസ്കാര ശേഷിപ്പുകളിൽ നിന്നാണ് പഠനത്തിന് ആധാരമായ കൊഴുപ്പ് പറ്റിപ്പിടിച്ച പാത്രങ്ങൾ കണ്ടെത്തിയത്. ഈ മൺപാത്രങ്ങളിൽ പന്നി, പശു, പോത്ത്, എരുമ, ആട് മുതലായവയുടെ മാംസത്തിൽ നിന്നുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സിന്ധു നദിതട സംസ്കാരം ഇന്നത്തെ പാക്കിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്നു.
ഉത്തര്‍പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും കണ്ടെടുത്ത 172 വസ്തുക്കളിൽ നിന്നുമാണ് കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൃഷി കാലാവസ്ഥക്കനുസരിച്ചു തന്നെ ആയിരുന്നു എന്ന് ഈ പഠനത്തിൽ പറയുന്നു. നെല്ല്, ഗോതമ്പ്, വഴുതന, വെള്ളരി, മുന്തിരി എന്നിവയുടെ കൃഷി ഉണ്ടായിരുന്നു.പശു, എരുമ എന്നീ മൃഗങ്ങളുടെ എല്ലുകൾ ആണ് 50-60 ശതമാനത്തോളം ഉണ്ടായിരുന്നത്. 10 ശതമാനത്തോളം ആടിന്റെ എല്ലും മറ്റും കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികളുടെ എല്ലുകൾ കൂടുതൽ കാണപ്പെട്ടതിനാൽ, സിന്ധു നദിതട സംസ്കാരത്തിൽ പോത്തിറച്ചി കൂടുതലായി കഴിച്ചിരുന്നു എന്ന് മനസിലാക്കാം. ചില കാട്ടു മൃഗങ്ങളെയും പക്ഷികളെയും, മീനും എല്ലാം ഇവരുടെ ഭക്ഷണത്തിൽ ഉൾപെടുത്തിയിരുന്നു. കോഴിയിറച്ചി ഇവർ ഉപയോഗിച്ചതിന്റെ സൂചനകൾ കണ്ടെത്തിയിട്ടില്ല. വൈൻ പോലുള്ളവ സൂക്ഷിക്കാൻ വലിയ ജാറുകൾ ഇവർ ഉപയോഗിച്ചിരുന്നതായി കാണാം.”ഇതിനു മുൻപ് വന്ന രണ്ട് പഠനങ്ങൾ പാൽ ഉത്പന്നങ്ങളുടെ ഉപയോഗവും, വിവിധ പച്ചക്കറികളുടെ ഉപയോഗവും ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ അക്ഷയ്ത സൂര്യനാരായണൻ അതിനെ ഒരു പടി കൂടി മുന്നോട്ടു കൊണ്ടുപോയിരിക്കുന്നു ” എന്ന് പ്രശസ്ത പുരാവസ്തു ഗവേഷകൻ വസന്ത് ഷിൻഡെ അഭിപ്രായപെട്ടു.