World

ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധിക കാലം തുടരില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധികകാലം നീണ്ടുനിൽക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. വർധിച്ച തോതിലുള്ള ഇന്ത്യൻ ധന കമ്മിയും ഡോളറിന്റെ ചാഞ്ചാട്ടവും രൂപക്ക്
തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോൾ. രൂപയുടെ വലിയ തോതിലുള്ള തളർച്ച കാരണം, പോയ വർഷം ഗൾഫ്
കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് മികച്ച നേട്ടം ലഭിച്ചിരുന്നു. കയറ്റുമതി മേഖലയില്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണപ്രവാഹം കൂടിയതും രൂപയുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികൂല ഘടകങ്ങൾ കാരണം ഇന്ത്യൻ രൂപക്ക് നിലവിലെ സാഹചര്യം തുടരാൻ സാധ്യതയില്ല.

ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ കുറവ്
സംഭവിച്ചതായി ബാങ്കിങ് രംഗത്തുള്ളവരും സമ്മതിക്കുന്നു. എന്നാൽ വരും മാസങ്ങളിൽ കാര്യമായ ആഘാതം സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണവർ.

ആഗോള സാമ്പത്തിക മാന്ദ്യ സാഹചര്യം തുടർന്നാൽ ഗൾഫ് കറൻസികളുടെയും ഇന്ത്യൻ രൂപയുടെയും ഭാവിയെ എതുവിധത്തിൽ ബാധിച്ചേക്കുമെന്ന ചർച്ചയും സജീവമാണ്.