World

അറബിക്കടലിൽ കപ്പൽ തട്ടിയെടുക്കാൻ ശ്രമം: ചെറുത്ത് ഇന്ത്യൻ നാവികസേന

അറബിക്കടലിൽ മാൾട്ടയിൽ നിന്നുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപായ മുന്നറിയിപ്പ് ലഭിച്ചതിനേത്തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ ട്വീറ്റിലൂടെ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം.വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. 18 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന ഹെലികോപ്റ്ററുമാണ് അപായ മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പലിന് സമീപത്ത് എത്തിയത്.

കപ്പൽ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും സൊമാലിയൻ മേഖലയിലേക്ക് യാത്ര തുടരുന്ന കപ്പൽ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ നേവി അറിയിച്ചു.