നേപ്പാൾ സന്ദർശിക്കാൻ ഇനി വിമാന ടിക്കറ്റ് എന്ന കടമ്പ വേണ്ട. കുറഞ്ഞ ചെലവിൽ ട്രെയിൻ ടിക്കറ്റെടുത്ത് നേപ്പാളിലേക്ക് പോകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാന മന്ത്രി ഷേർ ബഹദൂറും ചേർന്ന് ഈ ക്രോസ്-ബോർഡർ പാസഞ്ചർ ട്രെയിന്റെ ഫഌഗ് ഓഫ് ഇന്ന് നിർവഹിക്കും.
ട്രെയിനിനെ കുറിച്ച്
1937 ൽ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് സർവീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിൻ സർവീസ് നിർത്തലാക്കുകയായിരുന്നു. ബിഹാറിലെ ജയ്‌നഗറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നേപ്പാളിലെ ജാനക്പൂരിലാണ് ചെന്നുനിൽക്കുക.
എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകൾ, 15 പ്രധാനപ്പെട്ട പാലങ്ങൾ, 127 ചെറിയ പാലങ്ങൾ എന്നിവ കടന്നാണ് ട്രെയിൻ നേപ്പാളിൽ എത്തുന്നത്. 1000 രൂപ മുതലാകും ട്രയിൻ ടിക്കറ്റ് വില ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. പതിനൊന്ന് മണിക്കൂറിലേറെ സമയമെടുത്താകും ട്രെയിൻ നേപ്പാളിൽ എത്തുക.
യാത്ര ചെയ്യാനായി കൈയിൽ കരുതേണ്ട രേഖകൾ
-പാസ്‌പോർട്ട്
-കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്
-തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോട്ടോ ഐഡി കാർഡ്
-ഇന്ത്യൻ എംബസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റ്/ഐഡന്റിറ്റി സർട്ടിഫിക്കറ്റ്
-65 വയസിന് മുകളിലും 15 വയസിൽ താഴെയുമുള്ള വ്യക്തികൾക്ക് വയസും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും വേണം.