World

ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി

ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നിലപാടറിയിച്ചു. സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഇന്ത്യ അറിയിച്ചു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി.

കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിൻറെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. വാങ് യിയുടെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിർത്തി സംഘർഷവും യുക്രെയ്ൻ യുദ്ധവും ചർച്ചയായതായാണ് സൂചന.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കൈയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യൻ സന്ദർശനം. ലഡാക്കിലെ സംഘർഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യയിൽ ആദ്യമായി സന്ദർശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.