World

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി : യുഎസ് കോസ്റ്റ് ഗാർഡ്

ടൈറ്റനിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇംപ്ലോഷൻ സംഭവിച്ച ടൈറ്റന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ഇപ്പോഴാണ്. യുഎസ് ആരോഗ്യവിഭാഗം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്.

ജൂൺ 18നാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പലകാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു സ്റ്റോക്ക്ടൺ റഷിന്റെ പ്രതികരണം.

ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ആർഎംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റനേയും ഒടുവിൽ കാത്തിരുന്നത് ടൈറ്റാനികിന്റെ അതേ ദുരന്ത വിധി.