World

പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍


ഒരു പത്ത് വയസുള്ള കുഞ്ഞ്. ചിലപ്പോള്‍ നാലാം ക്ലാസിലെത്തിക്കാണും. അച്ഛന്റേയും അമ്മയുടേയും കൊഞ്ചിക്കലും നാട്ടിലെ സമപ്രായക്കാരുടെ കൂട്ടും വീട്ടിനുള്ളിലെ സുരക്ഷിതത്വവും തെളിഞ്ഞ ആകാശവും നിറമുള്ള കാഴ്ചകളും ഓടിക്കളിക്കാന്‍ നാട്ടുവഴികളും സ്‌കൂളിലെ പാഠങ്ങളും വീട്ടുകാര്‍ക്കൊപ്പം സ്വസ്ഥമായ ഉറക്കവും അര്‍ഹിക്കുന്ന പ്രായം. ആ സമയത്തൊരു യുദ്ധമുണ്ടാകുന്നു. പ്രീയപ്പെട്ടവരില്‍ പലരും നാട്ടിലെ പരിചയക്കാരില്‍ ഒട്ടുമിക്കവരും മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാന്‍ മനസാനിധ്യമുള്ള ആരും എവിടെയുമില്ല. ഇതുവരെ വളര്‍ന്ന വീടും നാടും സ്വന്തമല്ലാതാകുന്നു. കയ്യില്‍കിട്ടാവുന്നതൊക്കെ പെറുക്കിക്കെട്ടി തിക്കുംതിരക്കും അനുഭവിച്ച് സൗകര്യങ്ങളേതുമില്ലാത്ത ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ പലയാളുകളോടൊപ്പം താമസിക്കേണ്ടി വരുന്നു. ഇനി ഇതാണ് നമ്മുടെ വീടെന്ന് അറിയേണ്ടി വരുന്നു. ഈ ഒരു മുറിവ് ഒരു പത്തുവയസുകാരന്റെ മനസില്‍ നിന്ന് എത്ര കാലമെടുത്താലാണ് മാഞ്ഞുപോകുക? പലസ്തീനിലെ അങ്ങനെയൊരു പത്തുവയസുകാരന്റെ മുറിവാണ് പലസ്തീന്റെ ദേശീയപ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ഹാന്‍ഡാല. വളര്‍ച്ചയില്ലാത്ത, മരണമില്ലാത്ത, മുഖമില്ലാത്ത,വീടില്ലാത്ത പത്തുവയസുകാരന്‍ ഹാന്‍ഡാല ലോകപ്രസിദ്ധമായ ഒരു കാര്‍ട്ടൂണാണ്. പലസ്തീനിലെ ഏറ്റവും പ്രശസ്തനായ കാര്‍ണൂണിസ്റ്റ് നാജി അല്‍ അലി സൃഷ്ടിച്ച ഹാന്‍ഡല പലസ്തീന്‍ കുഞ്ഞുങ്ങളുടെ മുഖമില്ലാത്ത ഒരു മുഖമായി പതിറ്റാണ്ടുകള്‍ നിലനില്‍ക്കുകയായിരുന്നു. (How Cartoon Handala Became a symbol of Palestinian Resistance)

നാജി അല്‍ അലി തന്നെയാണ് പത്തുവയസുകാരനായ ഹാന്‍ഡല. പലസ്തീനികള്‍ക്ക് 1948ലെ നക്ബയില്‍ സ്വന്തം മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വന്നപ്പോള്‍ നാജി അല്‍ അലിയ്ക്ക് പത്ത് വയസായിരുന്നു പ്രായം. താന്‍ വേരുറപ്പിച്ച് പയ്യെ വളര്‍ന്നുവന്ന അല്‍ ഷാര്‍ജ ഗ്രാമത്തില്‍ നിന്ന് ലെബനനിലെ അയ്ന്‍ അല്‍ ഹില്‍വ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ബലമായി പറിച്ചുനടപ്പെട്ട ബാല്യത്തിന്റെ ട്രോമയാണ് ഹാന്‍ഡല. തന്റെ ഉള്ളിലുള്ള കുഞ്ഞ്, മുറിവേറ്റ ആ കുഞ്ഞ്, പത്ത് വയസിനുശേഷം വളരാതെ ചുറ്റുമുള്ള സ്‌നേഹരാഹിത്യത്തിനും അവഗണനയ്ക്കും ദാരിദ്ര്യത്തിനും യുദ്ധക്കുറ്റങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നുവെന്നതിനാലാണ് അല്‍ അലി ഹാന്‍ഡലയെ സൃഷ്ടിച്ചത്. 1963 മുതല്‍ 1987 ല്‍ കൊല്ലപ്പെടുന്നതുവരെ അല്‍ അലി ഹാന്‍ഡാല കാര്‍ട്ടൂണ്‍ വിവിധ പത്രങ്ങളിലായി വരച്ചു.

ഹാന്‍ഡാലയെക്കുറിച്ച് പറഞ്ഞാല്‍, കുറ്റിത്തലമുടിയും വളരെ പ്ലെയിനായ വസ്ത്രങ്ങളും ധരിച്ച പരുക്കനെന്ന് തോന്നുന്ന ഒരു കുട്ടിയാണ് അവന്‍. പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുട്ടികളേയും പോലെ നഗ്നപാദനായിട്ടാണ് അവന്റെ നില്‍പ്പ്. ഒരു പ്രതിഷേധം പോലെ കൈകള്‍ കോര്‍ത്ത് പുറകില്‍ കെട്ടി പുറംതിരിഞ്ഞാണ് അവന്‍ നില്‍ക്കുന്നത്. അവന്‍ നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവന്‍ സന്തോഷമോ ഉത്സാഹമോ ഉള്ള ഒരു കുട്ടിയല്ലെന്നും ആരും അവനെ ഓമനിക്കാറില്ലെന്നും കാര്‍ട്ടൂണിന്റെ സൃഷ്ടാവ് തന്നെ വിശദീകരിക്കുന്നുണ്ട്. ആഴത്തില്‍ വേരുകളും തൊട്ടാല്‍ കയ്ക്കുന്ന പഴങ്ങളും വെട്ടിമുറിച്ചാല്‍ അവിടുന്ന് വളരുന്ന സ്വഭാവവുമുള്ള ഒരു പലസ്തീന്‍ മരമായ ഹാന്‍ഡാല എന്ന പേര് ഈ കുഞ്ഞിനിട്ടത് മനപൂര്‍വം തന്നെയാണ്.

പലസ്തീനില്‍ നിന്ന് കുടിയിറക്കപ്പെട്ട ശേഷം അഭയാര്‍ത്ഥികളായ പലസ്തീനികള്‍ നേരിട്ടുവന്ന സംഭവവവികാസങ്ങളെ വെറുതെ നോക്കിനില്‍ക്കുകയാണ് ഹാന്‍ഡാലയെന്ന കുട്ടി. ഗസ്സയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളേന്തേണ്ടി വരുന്ന അച്ഛന്മാരുടേയും കത്തിയെരിയുന്ന ഗ്രാമങ്ങളേയും മഴവില്ലുകള്‍ കാണേണ്ട ആകാശത്ത് മിസൈലുകള്‍ വന്നെത്തുന്നതും കണ്ടുനില്‍ക്കുന്ന കുട്ടി. അമേരിക്കയും ഇസ്രായേലും പല പാശ്ചാത്യരാജ്യങ്ങളും തങ്ങള്‍ക്ക് മുന്നില്‍ ഒരു മുള്ളുവേലി തീര്‍ക്കുന്നതിന് സാക്ഷിയായ കുട്ടി. വടക്കുനോക്കി യന്ത്രം വടക്കോട്ടെന്ന പോലെ പലസ്തീനിലേക്കാണ് ഹാന്‍ഡാല എന്ന സാക്ഷി സദാ തിരിയുന്നത്. ഭൂമിശാസ്ത്രപരമായി പലസ്തീന്‍ എവിടെയാണെന്ന അര്‍ത്ഥത്തിലല്ല, ഒരു മാനുഷികമായ ആവശ്യമെന്ന നിലയിലാണ് ഹാന്‍ഡാല പലസ്തീനിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത്.

കാത്തിരിപ്പാണ് ഹാന്‍ഡാലയുടെ കാര്‍ട്ടൂണ്‍ പലപ്പോഴും സൂചിപ്പിക്കുന്നതെന്ന് ഹാന്‍ഡാല ആന്‍ഡ് ഇറ്റ്‌സ് ഇംപാക്ട് ഓണ്‍ വിക്റ്റിമൈസര്‍ ആന്‍ഡ് വിക്ടിം നരേറ്റിവ് ഓഫ് പലസ്തീന്‍ റെഫ്യൂജി ഇന്‍ ലെബനന്‍ എന്ന ലേഖനത്തില്‍ കാര്‍ല മിഖായേല്‍ എന്ന ഗവേഷക എഴുതുന്നു. അഭയാര്‍ത്ഥി ജീവിതത്തിന്റേയും യുദ്ധപരമ്പരകളുടേയും നടുവില്‍ തങ്ങളുടെ കൈയില്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് കുറേസമയം മാത്രമാണെന്നതിനാല്‍ വെറുതെ കാത്തിരിപ്പ് തുടരുന്ന ഹാന്‍ഡാല. പലസ്തീന്‍ കുഞ്ഞുങ്ങളുടെ നിസ്സഹായതയുടെ ഒരു പൊസിഷന്‍ കൂടിയാണ് ഈ കാത്തിരിപ്പെന്നും കാര്‍ല എഴുതുന്നു.

1960ല്‍ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലബനീസ് രഹസ്യാന്വേഷണ വിഭാഗം തടവിലാക്കുന്ന സമയത്താണ് നാജി അല്‍ അലി ഹാന്‍ഡാലയെ ജയില്‍ ചുമരുകളില്‍ വരച്ചുതുടങ്ങുന്നത്. പിന്നീട് 1962ല്‍ അല്‍-ഹുറിയ മാസികയില്‍ അല്‍-അലിയുടെ ചിത്രങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് പലസ്തീനിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഗസ്സാന്‍ കന്‍ഫാനിയാണ്. ലെബനനിലെ അല്‍-സഫീര്‍, കുവൈത്തിലെ അല്‍-താലിയ, അല്‍-സിയാസ എന്നിവയുള്‍പ്പെടെ നിരവധി പത്രങ്ങളില്‍ പിന്നീട് ഈ കാര്‍ട്ടൂണുകള്‍ അച്ചടിച്ചുവന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഓരോ സംഭവവികാസങ്ങളും വീട്ടിലേക്ക് മടങ്ങിപ്പോകാനുള്ള കൊതിയും കാര്‍ട്ടൂണ്‍ പ്രതിനിധീകരിക്കാന്‍ തുടങ്ങിയതോടെ ഹാന്‍ഡാല പലസ്തീനിയന്‍ അതിജീവനത്തിന്റെ പ്രതീകം തന്നെയായി മാറി.

പലസ്തീന്‍ ദേശീയ കവി മഹമുദ് ഡാര്‍വിഷിന്റെ വരികള്‍ പോലൊരു പ്രതീകമായിരുന്നു പലസ്തീന്റെ മനസില്‍ ഹാന്‍ഡാലയ്ക്ക്.

യുദ്ധം തീരും

നേതാക്കള്‍ പരസ്പരം കൈകുലുക്കും

യുദ്ധത്തില്‍ കൊല്ലപ്പെട്ട മകന്‍ മടങ്ങിവരുന്നതും നോക്കി ഒരു വൃദ്ധയിരിക്കും

പ്രീയപ്പെട്ടവന്‍ മടങ്ങിവരാന്‍ കാത്ത് ഒരു യുവനതിയിരിക്കും

വീരനായ അച്ഛന്‍ തിരിച്ചെത്തുന്നതും നോക്കി ആ കുഞ്ഞുങ്ങളിരിക്കും

ആരാണ് നമ്മുടെ സ്വന്തം മണ്ണ് വിറ്റതെന്നെനിക്കറിയില്ല

പക്ഷേ അതിന്റെ വിലയൊടുക്കുന്നത് ആരെന്ന് ഞാന്‍ കാണുന്നുണ്ട്

ദാര്‍വിഷിന്റെ ഈ വരികള്‍ നിറയ്ക്കുന്ന നിസഹായതാണ് ഹാന്‍ഡാലയുടെ കാത്തിരിപ്പും ഓര്‍മിപ്പിക്കുന്നത്.

1987ലാണ് കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് ഹാന്‍ഡാല പരമ്പര അവസാനിച്ചതാണെങ്കിലും കാലമിത്ര കഴിഞ്ഞിട്ടും പലസ്തീന്‍ മേഖലയുടെ ചെറുത്തുനില്‍പ്പിന്റെ ഓര്‍മപ്പെടുത്തലായി ഹാന്‍ഡാല ഇന്നും പലസ്തീന്റെ പൊതുഓര്‍മയായി നില്‍ക്കുകയാണ്. ഗസ്സയില്‍ വീണ്ടും ഭാരമേറിയ കുഞ്ഞ് ശവപ്പെട്ടികള്‍ നിറയുമ്പോള്‍, മരിക്കാത്ത കുഞ്ഞുങ്ങള്‍ യുദ്ധഭീകതരയുടേയും നഷ്ടങ്ങളുടേയും കളക്ടീവ് ട്രോമയെ കാലങ്ങളോളം പേറിനടക്കേണ്ടി വരുമ്പോള്‍, വീടും മണ്ണുമെന്ന സുരക്ഷിതബോധം അവരില്‍ നിന്ന് പറിച്ചെറിയപ്പെടുമ്പോള്‍ കാലം വീണ്ടും പലസ്തീനികളെ ഹാന്‍ഡാലയെ ഓര്‍മിപ്പിക്കുകയാണ്.