World

ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജർമൻ യുവതി; വിഡിയോ കണ്ടത് രണ്ടരക്കോടി ആളുകൾ

ഇന്ത്യൻ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജർമൻ യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഭർത്താവിന്റെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശർമ എന്ന യുവതിയുടേതാണ് വിഡിയോ.(german Woman Plants Onions With Indian Mother-In-Law)

ജയ്പൂർ സ്വദേശിയായ അർജുൻ ശർമയാണ് ഇവരുടെ ഭർത്താവ്. കൃഷിയിടത്തിൽ ജൂലി ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വിഡിയോ അർജുൻ തന്നെയാണ് പകർത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അർജുൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ജർമനിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഏഴു കടലുകൾ കടന്നെത്തിയത് ഇന്ത്യയിൽ ഉള്ളി നടാനാണോ എന്നും ഇയാൾ തമാശയായി ചോദിക്കുന്നുണ്ട്.

ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ജൂലി ഇതിന് മറുപടിയും നൽകുന്നുണ്ട്. തന്നെ ശല്ല്യപ്പെടുത്താതെ അവിടെ നിന്ന് മാറിനിൽക്കാൻ അർജുനോട് ജൂലി ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. ഹിന്ദിയിലാണ് അവരുടെ സംസാരം.

രണ്ടു കോടി 80 ലക്ഷം ആളുകളാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. 21 ലക്ഷം ആളുകൾ ഈ വിഡിയോ ലൈക്കും ചെയ്തു. ഒരു മടിയും കാണിക്കാതെ ഇന്ത്യൻ സംസ്‌കാരവുമായി ഇത്രവേഗം ഇഴുകിച്ചേർന്ന ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ജൂലിക്കും അർജുനും ആശംസകൾ അറിയിക്കുന്നുവെന്നും ആളുകൾ കമന്റിൽ പറയുന്നു.