World

“ആഗോളതാപനം മിഥ്യ”; അതിശൈത്യത്തില്‍ ട്രംപിന്റെ ട്വീറ്റ് വിവാദത്തില്‍

അമേരിക്കയുടെയും കാനഡയുടെയും വടക്കുഭാഗങ്ങളിൽ തീക്ഷ്ണമായ അതിശൈത്യം. ലക്ഷക്കണക്കിന് ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സർവകാല റെക്കോർഡിലേക്ക് എത്തുമെന്നാണ് ആശങ്ക.

താപനില -28 ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തുമ്പോൾ ധ്രുവക്കാറ്റിന്റെ സാന്നിധ്യം കാരണം ഊഷ്മാവ് -50 ഡിഗ്രി പോലെയാണ് അനുഭവപ്പെടുക. അമേരിക്കയിലെ നാഷണൽ വെതർ സർവീസ് ആളുകൾക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. കുറഞ്ഞ മിനുട്ടുകൾ കൊണ്ട് മാത്രം ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ ഫ്രോസ്റ്റ് ബൈറ്റ് (അതിശൈത്യം മൂലമുണ്ടാകുന്ന പൊള്ളൽ പോലുള്ള അവസ്ഥ) ഏൽക്കാമെന്നും ശരീരത്തിന്റെ ഏതെങ്കിലും ഭാഗം തുറന്ന അവസ്ഥയിൽ പുറത്തിറങ്ങരുതെന്നും പല അടുക്കുകളായി വസ്ത്രങ്ങൾ ധരിച്ച് മാത്രമേ കുറഞ്ഞ സമയത്തേക്ക് പോലും പുറത്തിറങ്ങാവൂ എന്നെല്ലാം മുന്നറിയിപ്പിൽ പറയുന്നു.

ഭവനരഹിതർക്കും അപ്രതീക്ഷിതമായി വൈദ്യുതി ഇല്ലാതായേക്കാവുന്ന ആളുകൾക്കും വേണ്ടി ഷിക്കാഗോയിൽ എഴുപതിലധികം ഉഷ്ണ കേന്ദ്രങ്ങൾ തുറന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ആഗോളതാപനം വ്യാജമാണെന്നും ആഗോളതാപനമുണ്ടെങ്കിൽ അതിശൈത്യം അസാധ്യമാണെന്നും പറഞ്ഞ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് ശാസ്ത്ര ലോകത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.