World

തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്; ആശംസകളുമായി നേതാക്കൾ

തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റ്. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് കിലിച്ദാറുലുവിന് ലഭിച്ചത്.

കിലിച്ദാറുലു (74) മുൻപു 3 തവണ എർദൊഗാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാ‍ർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർ‍ക്കി മാറിയത്.

എർദൊഗാന് ആംശസകളുമായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ഡിബെയ്ബെ, പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവർ രംഗത്തെത്തി. പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുർക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുൾ ഹമീദ് പറഞ്ഞു.