World

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; ഇന്ന് രേഖപ്പെടുത്തിയത് 13 വർഷത്തിലെ ഉയർന്ന വില

യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിലിൻ്റെ വില. ഇത് 13 വർഷത്തിലെ ഏറ്റവും ഉയർന്ന വിലയാണ്. ഇതോടെ ഇന്ത്യയിൽ ഇന്ധന വില വർധിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. കീവിനടുത്തുള്ള ഇർപിനിൽ പലായനം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഒരു അമ്മയും രണ്ട് കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡെസ അടക്കമുള്ള നഗരങ്ങളിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്.

അതേസമയം, 80ഓളം ഫൈറ്റർ ജെറ്റുകൾ വെടിവെച്ചിട്ടു എന്ന് യുക്രൈൻ അവകാശപ്പെടുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പോളണ്ടിലേക്ക് മാറി അവിടെ സമാന്തര ഭരണകൂടം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.

സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക് പുറപെട്ടിട്ടുണ്ട്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാൻ തയാറായിരിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. ഓരോ ബസിലും അൻപത് വിദ്യാർത്ഥികൾക്ക് പ്രവേശനമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഭക്ഷണമടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തും.

അതേസമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 160 വിദ്യാർത്ഥികളെ കൂടി രാജ്യത്ത് എത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം പുലർച്ചെ ഡൽഹിയിലെത്തി. കീവിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത്‌ സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും.