ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധരുടെ നിഗമനം…
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ന് ദേശീയ ടെലിവിഷനിലൂടെയാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡിനെ നിയന്ത്രിച്ച ചൈനയെ പ്രശംസിച്ച് കിം ജോങ് ഉന്‍ കത്തയച്ചിരുന്നു.
കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാനായത് വളരെ വലുതാണ്. ഇത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കിം ജോങ് ഉന്‍ ചൈനീസ് പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനുള്ള മറുപടിയായാണ് ചൈന ഉത്തരകൊറിയക്ക് കോവിഡിനെതിരെ പോരാടാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ചൈന സഹായം വാഗ്ദാനം ചെയ്യുമ്പോഴും ഇതുവരെ ഒരു കോവിഡ് കേസ് പോലും ഔദ്യോഗികമായി ഉത്തരകൊറിയ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഉത്തരകൊറിയയുടെ ഈ അവകാശവാദം വിശ്വാസ്യയോഗ്യമല്ലെന്ന് കരുന്നവര്‍ നിരവധിയാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആദ്യം നടപടിയെടുത്ത രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയ. ജനുവരിയിലെ മൂന്നാം ആഴ്ച്ച മുതല്‍ ഉത്തരകൊറിയ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തിരുന്നു.
ചെറിയ തോതില്‍ കോവിഡ് വ്യാപനം ഉണ്ടായാല്‍ പോലും ഉത്തരകൊറിയന്‍ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ലെന്ന് ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഉത്തരകൊറിയയുടെ പ്രധാന സാമ്പത്തിക വ്യാപാര പങ്കാളിയാണ് ചൈന. വിദേശത്തേക്കുള്ള ഉത്തരകൊറിയയുടെ 90 ശതമാനം വ്യാപാരങ്ങളും ചൈനയുമായിട്ടാണ്. കോവിഡിനെ തുടര്‍ന്ന് ഇതില്‍ 55ശതമാനം ഇടിഞ്ഞതായി ദക്ഷിണകൊറിയന്‍ ചാരസംഘടന വിലയിരുത്തിയിരുന്നു.