World

യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി സൂചന

റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെ യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന. റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകളെന്ന് പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിനടുത്തുള്ള പ്രദേശത്തുനിന്നാണ് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്തുനിന്നും ആളുകള്‍ മാറിത്താമസിച്ചെന്നാണ് വിവരം.

നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയാറാണെന്ന നിലപാടാണ് ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ വീണ്ടും ആവര്‍ത്തിച്ചത്. തുറന്ന ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എന്നാല്‍ രാജ്യത്തിന്റെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടുപോകാന്‍ തയാറല്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ താല്‍പര്യങ്ങളിലും റഷ്യന്‍ ജനതയുടെ സുരക്ഷയിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും പുടിന്‍ വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 20 കിലോ മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏത് നിമിഷം കടന്നുകയറ്റം പ്രതീക്ഷിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. 150000 സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ കാനഡയും ഇന്ന് റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ നിന്നും ബ്രിട്ടണില്‍ നിന്നും ഉപരോധം നേരിടുന്ന റഷ്യയ്ക്ക് കാനഡയുടെ നീക്കം കനത്ത തിരിച്ചടിയാകുകയാണ്. അധിനിവേശത്തിനുള്ള റഷ്യയുടെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

റഷ്യന്‍ ദേശീയ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനൊപ്പം റഷ്യന്‍ ബോണ്ടുകള്‍ വാങ്ങുന്നതില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും ഉപരോധം കൂടുതല്‍ കടുപ്പിക്കാനുള്ള ആലോചനയിലാണെന്നാണ് വിവരം. റഷ്യയുമായി സഹകരിച്ച് നടത്താനിരുന്ന ഒരു വന്‍ ഗ്യാസ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജര്‍മ്മനി പിന്നോട്ടുപോയതും റഷ്യന്‍ സമ്പദ് രംഗത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.

യുദ്ധഭീതി പരക്കുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രദേശങ്ങളിലേക്ക് 460 സൈനികരെക്കൂടി അധികമായി വിന്യസിക്കാന്‍ പദ്ധതിയിടുകയാണെന്നും കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം 24 മണിക്കൂറിനുള്ളില്‍ വളരെ വര്‍ധിച്ചതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

റഷ്യക്കുമേല്‍ അമേരിക്കയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടിയുടെ ഭാഗമായി രണ്ട് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യ യുദ്ധ പ്രഖ്യാപനവുമായി മുന്നോട്ട് പോയാല്‍ കൂടുതല്‍ ഉപരോധമെന്ന് യു എസ് മുന്നറിയിപ്പ് നല്‍കി. റഷ്യയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാത്രമല്ല യുക്രൈന് എല്ലാ സഹായവും നല്‍കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലക്ക് കൂടുതല്‍ സൈന്യത്തെ അമേരിക്ക അയയ്ക്കും.