Latest news World

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം; അപലപിച്ച് അറബ് രാജ്യങ്ങളും യുഎന്നും; ആരോപണം നിഷേധിച്ച് ഇസ്രയേല്‍

ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം നിഷേധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഇസ്ലാമിക് ജിഹാദികള്‍’ ആണ് വ്യോമാക്രമണത്തിന് പിന്നിലെന്നും റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്നുമാണ് ഇസ്രയേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.(Arab world and UN condemn Gaza hospital attack)

ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ പലസ്തീന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളുടെ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന് യുഎന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഗാസയിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണമുണ്ടായത്.

ആക്രമണം ഭയപ്പെടുത്തുന്നതാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. ആക്രമണത്തെ അപലപിച്ച അറബ് രാജ്യങ്ങളും റഷ്യയും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പുറപ്പെട്ടു. അതേസമയം ബൈഡനുമായുള്ള കൂടിക്കാഴ്ച പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് റദ്ദാക്കി.

Read Also: ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; 500 മരണം

ആക്രമണത്തില്‍ 500 ഓളം പേര്‍ ഇതിനോടകം മരിച്ചുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട്. 2008 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും മാരകമായ ആക്രമണം ഇതാണെന്നാണ് റിപ്പോര്‍ട്ട്. ജറുസലേം എപിസ്‌കോപ്പല്‍ സഭയുടെ മേല്‍നോട്ടത്തിലാണ് അല്‍ അഹ്ലി ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആക്രമണം നടന്ന അല്‍ അഹ്ലി ആശുപത്രിയില്‍ നിന്ന് പുറത്ത് വരന്നത് ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങളാണ്. തകര്‍ന്ന് കിടക്കുന്ന ജനല്‍ ചില്ലുകള്‍ക്കിടയില്‍ ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്ന് കാണാം. ഗാസ സിറ്റിയിലെ ആശുപത്രികളാണ് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രം. നൂറുകണക്കിന് പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.