World

മസ്‌കിനെതിരായ പീഡന പരാതി 2.5 ലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കിയെന്ന് റിപ്പോർട്ട്

സ്‌പേസ് എക്സ്, ടെസ്ല സിഇഒയും ലോക ധനികരിൽ ഒന്നാമനുമായ ഇലോൺ മസ്കിനെതിരെ ലൈം​ഗിക പീഡന ആരോപണം. 2016-ൽ ഒരു വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാൻ 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദർശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ കാലിൽ തടവി‌യെന്നും, ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ കുതിരയെ വാങ്ങി നൽകാമെന്നും വാ​ഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എ‌ടുക്കാനും അവളെ നിർദ്ദേശിച്ചു.

2016ൽ ദേഹം മുഴുവൻ മസാജ് ചെയ്യുന്നതിനായി വിമാനയാത്രയ്ക്കിടെ തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു. തുടർന്ന് അവളെ സ്പർശിക്കുകയും, കൂടുതൽ ചെയ്യുകയാണെങ്കിൽ ഒരു കുതിരയെ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ആരോപണങ്ങൾ മസ്ക് തള്ളി. ഈ കഥയിൽ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താൽപര്യമുള്ളയാളാണെങ്കിൽ എന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.