World

ഇസ്രായേല്‍ മനപൂര്‍വ്വം യുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇസ്രായേലിനും അമേരിക്കക്കും വിമർശനവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫ്. ഇസ്രായേല്‍ യുദ്ധത്തിന് മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും പശ്ചിമേഷ്യൻ രാജ്യങ്ങളെ തമ്മിലടിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജാവേദ് വിമർശിക്കുന്നു.

മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവേദ് ശരീഫ്. യുദ്ധം അപകട സാധ്യത കൂടുതലുള്ള പ്രക്രിയയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേല്‍ ഇറാനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നും ജാവേദ് കൂട്ടിച്ചേർത്തു. സിറിയയിലെ ഇറാനിയന്‍ റെവല്യൂഷനറി ഗാർഡിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ ശക്തമായാണ് ജാവേദ് അപലപിച്ചത്. സിറിയയിലെ ഇറാനിയന്‍ റെവല്യൂഷനറി ഗാർഡിന് നേരെ കഴിഞ്ഞ വർഷം മാത്രം ഇസ്രായേല്‍ 100ല്‍ അധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ജാവേദ് പറഞ്ഞു.

ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നും ജാവേദ് കുറ്റപ്പെടുത്തി. ബന്ധം വഷളാക്കാന്‍ വീണ്ടും ഇസ്രായേല്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്നും ജാവേദ് കുറ്റപ്പെടുത്തി.