പത്തനംത്തിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി.
വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസി റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്. വറ്റിക്കിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് ശേഷം തടയണയുടെ ഷട്ടർ അടയ്ക്കുകയുമായിരുന്നു.
പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിൻ്റെ ആഴം കുറഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തിയിരുന്നു. വിവരമറിഞ്ഞ് വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി കെ.എസ്.ഇ.ബിയുടെ പരാതിയിൽ കേസെടുത്തു.