Uncategorized

ചരിത്രം രചിച്ച് നീരജ് ചോപ്ര; ലോകറാങ്കിങ്ങിൽ ഒന്നാമത്

ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തി ചരിത്രമെഴുതി നീരജ് ചോപ്ര. ഇന്ത്യയുടെ ‘ഗോൾഡൻ ബോയ്’ എന്നറിയപ്പെടുന്ന നീരജ് ചോപ്ര ആദ്യമായാണ് ജാവലിൻ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. നിലവിലെ ലോകചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സനാണ് റാങ്കിങ്ങിൽ രണ്ടാമത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്‌ലെച്ച് മൂന്നാമതും.

നീരജ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ റാങ്കിൽ പീറ്റേഴ്സന് പുറകിൽ രണ്ടാമതായിരുന്നു താരം. എന്നാൽ, അതിന് ശേഷം കഴിഞ്ഞ വർഷം നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ തരാം സ്വർണം നേടിയിരുന്നു. ഈ വർഷം നടന്ന ദോഹ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തിയാണ് നീരജ് ചോപ്ര തന്റെ സീസൺ ആരംഭിച്ചത്. 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണം നേടി റെക്കോർഡ് കുറിച്ചിരുന്നു. ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമായിരുന്നു.

ജൂൺ 4 ന് നെതർലൻഡ്‌സിലെ ഹെൻഗെലോയിൽ നടക്കുന്ന ഫാനി ബ്ലാങ്കേഴ്‌സ്-കോൻ ഗെയിംസിലും തുടർന്ന് ജൂൺ 13 ന് ഫിൻലൻഡിലെ തുർകുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിലും നീജർ ചോപ്ര പങ്കെടുക്കും. തുർക്കിയിലെ അന്റാലിയയിലാണ് നീരജ് നിലവിൽ പരിശീലനം നടത്തുന്നത്.