Uncategorized

പ്രതിദിന കേസുകളിൽ നേരിയ വർധന; രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ്. 24 മണിക്കൂറിനിടെ 27,176 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നര ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 284 മരണം റിപ്പോർട്ട് ചെയ്തു. ( India reports 27176 covid cases )

ഇരുപത്തിനാല് മണിക്കൂറിനിടെ 16,10,829 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 54,60,55,796 ആയിട്ടുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണം 3,51,087 ആണ്. ടോട്ടൽ ഇൻഫെക്ഷന്റെ 1.05 ശതമാനമാണ് ഇത്. 97.62 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്.

കേരളത്തിൽ ഇന്നലെ 15,876 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 129 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. പശ്ചിമ ബം​ഗാളിൽ 703 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 3,530 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒരു മാസത്തോളമായി പ്രതിതിദിന കൊവിഡ് കേസകുകൾ 30 ൽ താഴെയാണ്. എന്നാൽ ഇന്നലെ 38 കേസുകൾ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

അതിനിടെ രാജ്യത്ത് വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. 75.89 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ നൽകിയത്. 57,41,31,961 പേർക്ക് ആദ്യ ഡോസും, 18, 40, 67, 370 പേർക്ക് സെക്കൻഡ് ഡോസ് വാക്സിനും ലഭ്യമായി.

അതേസമയം, കുട്ടികൾക്കുള്ള വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമായി തുടരുന്നുവെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. ലോകത്തൊരിടത്തും കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും വി.കെ പോൾ പറഞ്ഞു. മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം അനിവാര്യമാണെന്ന് വി. കെ .പോൾ ചൂണ്ടിക്കാട്ടി. കൊവാക്സിൻ എടുത്തവരുടെ വിദേശ യാത്രക്ക് തടസങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരാമർശം.