Kerala Uncategorized

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ വഴിയില്‍ തടസങ്ങളുണ്ടാകരുത്; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. 

കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യമായ പൊലീസിനെ അകമ്പടിക്കായി നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തെത്തിക്കാനുള്ള ചുമതല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘത്തിനെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ആനയെ പിടികുടുന്നതും പറമ്പിക്കുളത്ത് എത്തിക്കുന്നതും വരെയുളള നടപടികള്‍ പൊതുജനങ്ങള്‍ വിഡിയോയോ ദൃശ്യങ്ങളോ ചിത്രീകരിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിട്ടുണ്ട്. മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ് സംവിധാനമുളള റേഡിയോ കോളര്‍ ധരിപ്പിക്കണം. പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന വഴിയിലെ വൈദ്യുതി ലൈനുകള്‍ വിച്ഛേദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തെ ജനങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയാണ്.