Cricket Sports Uncategorized

ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍

ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്.

ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത്‌ സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 റണ്‍സ്. 17 സിക്സറുകള്‍ നേടിയതില്‍ 7 എണ്ണവും സ്പിന്നര്‍ റഷീദ് ഖാനെതിരെയായിരുന്നു. 17 സിക്സറുകള്‍ പറത്തിയ മോര്‍ഗന്‍ ഈ ഇനത്തിലെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ഒരിന്നിങ്സില്‍ 16 സിക്സറുകള്‍ നേടിയ രോഹിത് ശര്‍മ, എ.ബി ഡിവില്ലേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. 15 സിക്സറുകള്‍ നേടിയ ഷെയിന്‍ വാട്സണാണ് മുന്നാം സ്ഥാനത്ത്. ഇന്നലെ 57 പന്തിലാണ് മോര്‍ഗന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ലോകകപ്പിലെ വേഗമേറിയ നാലാം സെഞ്ച്വറിയാണിത്. 50 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അയര്‍ലണ്ട് താരം കെവിന്‍ ഒബ്രിയാന്റെ പേരിലാണ് ഈ ഇനത്തിലെ റെക്കോര്‍ഡ്.