Uncategorized

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ഇളവ്; രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷം

പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

പ്രവാസികളില്‍ നിന്നും വലിയ പ്രതിഷേധമുണ്ടാവുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെയാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട് പോയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതും സര്‍ക്കാരിന് തിരിച്ചടിയായി. അതേസമയം തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ സര്‍ക്കാര്‍ തീരുമാനത്തെ മാറ്റിക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രതിപക്ഷത്തിന്‍റെ അവകാശവാദം.

രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുന്നത് കൊണ്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാട് തന്നെയാണ് സ്വീകരിച്ചത്. പരിശോധന ഒരുക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതോടെയാണ് ട്രൂനാറ്റ് പരിശോധന സംസ്ഥാനം തന്നെ നടത്തി പ്രവാസികളെ തിരികെ എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ പരിശോധനക്ക് അനുമതി നല്‍കാതിരുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ കുരുക്കിലായി. ഇതിനിടെ പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രതിഷേധവും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഇതോടെയാണ് തിരികെ വരുന്നവര്‍ വിമാനത്തില്‍ പിപിഇ കിറ്റ് ധരിക്കണമെന്ന തീരുമാനമെടുത്ത് സര്‍ക്കാര്‍ തലയൂരിയത്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന വാദമുയര്‍ത്തി പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുത്ത ശേഷം അതില്‍ നിന്ന് പിന്നോട്ട് പോയതില്‍ ഇടത് മുന്നണിയിലെ ചില ഘടകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്. പിപിഇ കിറ്റ് മതിയെങ്കില്‍ നേരത്തെ ഈ തീരുമാനം എടുത്താല്‍ മതിയായിരുന്നല്ലോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം പ്രവാസി വിഷയം ഉയര്‍ത്തി തുടര്‍ച്ചായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.

ഇളവ് ഇങ്ങനെ

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കില്ല. സൌദിയിൽ നിന്ന് വരുന്നവർ എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവക്ക് പുറമേ പിപിഇ കിറ്റും നിർബന്ധമായും ധരിച്ചിരിക്കണം. കുവൈത്തിൽ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിക്കണം.

ഖത്തറിൽ നിന്നുളളവർ ഇഹ്തറാഹ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉളളവരാകണം. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എന്‍95 മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ധരിച്ചിരിക്കണം. യുഎഇയിൽ പരിശോധനാസൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത എല്ലാവരും എത്തിച്ചേരുന്ന വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റ് ഫലം എന്തായാലും 14 ദിവസം നിർബന്ധിത ക്വറൻറൈനിൽ പോവണം.