പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.
ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം.
ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്ബോള്‍ 55 പന്തുകളില്‍ 158 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 20 സിക്‌സും ആറ് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്‌സില്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്.
പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ മികവില്‍ റിലയന്‍സ് വണ്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. മറ്റൊരു ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ (3) വേഗം പുറത്തായിരുന്നു.
കഴിഞ്ഞ ദിവസം 37 പന്തുകളിലാണ് പാണ്ഡ്യ സെഞ്ച്വറി നേടിയത്. സിഎജിക്കെതിരെ നടന്ന മത്സരത്തില്‍ 105 റണ്‍സ് നേടിയ ശേഷമാണ് പാണ്ഡ്യ പുറത്തായത്. വെറും 39 പന്തുകളില്‍ 8 ബൗണ്ടറിയും 10 സിക്‌സും സഹിതമാണ് പാണ്ഡ്യ 105-ലേക്ക് കുതിച്ചെത്തിയത്. തുടര്‍ന്ന് ബൗളിംഗിലും പാണ്ഡ്യ മികവ് തുടര്‍ന്നു. 4 ഓവറില്‍ 26 റണ്‍സ് വഴങ്ങിയ പാണ്ഡ്യ അഞ്ച് വിക്കറ്റുകളാണ് പിഴുതത്.
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ഈ മത്സരത്തിനു ശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണ്ടും ഹര്‍ദ്ദിക് തിളങ്ങി. ഡിവൈ പാട്ടില്‍ എക്കെതിരെ 29 പന്തുകളില്‍ 46 റണ്‍സെടുത്ത പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. മത്സരം 7 റണ്‍സിനു റിലയന്‍സ് എ വിജയിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ 25 പന്തില്‍ 38 റണ്‍സെടുത്ത പാണ്ഡ്യ പന്തെറിഞ്ഞപ്പോള്‍ അഞ്ച് വിക്കറ്റും നേടിയിരുന്നു. ടൂര്‍ണമെന്റിലാകെ 12 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് തന്നെയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്.