Kerala

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; ഉന്നതതല യോഗത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തീരുമാനം

മോട്ടോര്‍ വാഹനനിയമം ലംഘിച്ച് റോഡിന് കുറുകെ ബസ് നിര്‍ത്തിയിട്ട് മനപൂര്‍വ്വം ഗതാഗതം തടസ്സപ്പെടുത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക

മിന്നല്‍ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഗതാഗതം തടസ്സപ്പെടുത്തി ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. സ്ഥാപനം വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന കലക്ടറുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളി.

മോട്ടോര്‍ വാഹനനിയമം ലംഘിച്ച് റോഡിന് കുറുകെ ബസ് നിര്‍ത്തിയിട്ട് മനപൂര്‍വ്വം ഗതാഗതം തടസ്സപ്പെടുത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. ഇതിനകം തിരിച്ചറിഞ്ഞ 21 പേര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. കണ്ടക്ടര്‍മാര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരും നടപടി നേരിടേണ്ടി വരും. പണിമുടക്കില്‍ പങ്കെടുത്ത പൊലീസ് റിപ്പോര്‍ട്ടിലുള്ള എല്ലാ ജീവനക്കാര്‍ക്കുമെതിരെ സസ്പെന്‍ഷനും സ്ഥലം മാറ്റവും ഉള്‍പ്പെടെ വകുപ്പ് തല അച്ചടക്ക നടപടിയുണ്ടാവും.

മിന്നല്‍ പണിമുടക്കിലൂടെയുള്ള നഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് കോടതി ഉത്തരവ്. പക്ഷെ, ജില്ലാകലക്ടറുടെയും പൊലീസിന്റെയും അന്തിമറിപ്പോര്‍ട്ടിന് ശേഷം മുഖ്യമന്ത്രിയോട് കൂടി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

സമരത്തിനെതിരല്ലെന്നും മിന്നല്‍ പണിമുടക്കിനോടാണ് എതിര്‍പ്പെന്നും മന്ത്രി പറഞ്ഞു. എസ്മ ബാധകമാക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രശ്നങ്ങള്‍ക്ക് കാരണമായ നിയമലംഘനം നടത്തിയ സ്വകാര്യ ബസിന് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ഷോക്കോസ് നോട്ടീസ് നല്‍കും. നിയമലംഘനത്തിന് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.