അനുമതിയില്ലാതെ സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള പുതിയ കരട്നിയമം യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. നിയമലംഘകർക്ക് 500,000 ദിർഹം വരെ പിഴ ചുമത്തും. ഔദ്യോഗിക ലൈസൻസ് ലഭിക്കാതെ സംഭാവനകളോ ജീവകാരുണ്യ പ്രവർത്തനങ്ങളോ മാനുഷിക സഹായങ്ങളോ ശേഖരിക്കുന്നത് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കുന്നതാണ് നിയമം.
എന്നാൽ സാമൂഹ്യസന്നദ്ധ സംഘടനകളുടെ ധനവിനിയോഗം ഏകീകരിക്കുന്നതിന് നിയമത്തിൽ ചട്ടങ്ങളേർപെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന പണം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണിത്. ഫെഡറൽ കൗൺസിൽ കരട് നിയമം അംഗീകരിക്കുന്നതിന് മുമ്പ് എഫ്.എൻ.സി അംഗങ്ങളുടെ യോഗത്തിൽ 34 ചട്ടങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി.
നിയമലംഘനം നടത്തുന്നവർ ശേഖരിച്ച സംഭാവനകൾ കണ്ടുകെട്ടുന്നതിനും ശിക്ഷ പൂർത്തിയാക്കി നാടുകടത്തുന്നതിനും നിയമം ശുപാർശ ചെയ്യുന്നു, 100,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ഉൾപെട്ടതായിരിക്കും ശിക്ഷ. അസോസിയേഷനുകൾക്കും സ്ഥാപനങ്ങൾക്കുമായി സംഭാവന ശേഖരിക്കുന്നതിന് സഹായിക്കുന്ന സ്മാർട്ട് ഇ-സിസ്റ്റം സ്ഥാപിക്കുന്നതിനും ധാരണയായി.