Kerala

പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി

പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി. ഒരു വിഭാഗം അഭിഭാഷകർക്ക് നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്‍റെ സാമൂഹിക സേവന പദ്ധതിയായി ഇത്തരം നിയമനങ്ങളെ കാണരുതെന്നും കോടതി. വാളയാർ കേസിലെ അപ്പീൽ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.

പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും നിയമനത്തിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഫലപ്രദമായ വിചാരണ നടപടികൾ ഉറപ്പുവരുത്താനും ഭരണഘടനാ ബാധ്യത നിറവേറ്റാനുമാണ് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത്. സത്യത്തോട് മാത്രമായിരിക്കണം അവരുടെ കടപ്പാട് .

വാളയാറിലെ കുട്ടികൾക്കുണ്ടായ അനുഭവം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. ഒരമ്മയുടെ ഗർഭപാത്രത്തിൽ പിറന്ന രണ്ട് പിഞ്ച് പെൺകുട്ടികളാണ് ഈ ലോകം വിട്ട് പോയത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും ഇതിനെതിരെ പൊറുക്കാനാവാത്ത അലസത കൊണ്ടു നടക്കുകയും ചെയ്യുന്നവരുടെതാണ് ഇന്നത്തെ സമൂഹം. വീടുകളിലും,സ്കൂളുകളിലും, സംരക്ഷണ കേന്ദ്രങ്ങളിലും മാത്രമല്ല, റോഡിലും ജയിലിലുമടക്കം പെൺകുട്ടികൾ പീഡനത്തിനിരയാവുന്നു. ഒരിക്കലും മായാത്ത ഭയവും മാനസിക ആഘാതവുമാണ് ഇത് കുട്ടികളിലുണ്ടാക്കുന്നത്. അവരുടെ ആരോഗ്യത്തേയും വ്യക്തിവികാസത്തെയും അന്തസിനേയും മുറിവേൽപ്പിക്കുന്നു.

അന്വേഷണത്തിൽ വരുത്തുന്ന വീഴ്ചകൾ ഗുരുതരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനങ്ങൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.